മോസ്കോ: കാൻസറിനുള്ള പ്രതിരോധ വാക്സിൻ എന്റെറോമിക്സ് പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായി റഷ്യ. വാക്സിൻ ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ഗവേഷകർ പറഞ്ഞു. കോവിഡ് 19 വാക്സിന് സമാനമായ എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം.
കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദലായാണ് ഗവേഷകർ വാക്സിൻ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. 48 പേരാണ് ട്രയലിന്റെ ഭാഗമായത്. തുടർന്നാണ് കാൻസർ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവെപ്പായി എന്റെറോമിക്സിനെ അവതരിപ്പിച്ചത്. നിലവിൽ റഷ്യയുടെ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണ്.
നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും സംയുക്തമായി ചേർന്ന് നടത്തിയ ഗവേഷണത്തിനൊടുവിലാണ് എന്റെറോമിക്സ് വികസിപ്പിച്ചത്. മൂന്നുവർഷത്തെ പ്രീക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത്. വാക്സിൻ ട്യൂമറിനെ ചുരുക്കുക മാത്രമല്ല ട്യൂമറിന്റെ വളർച്ച 60 മുതൽ 80 ശതമാനം വരെ മെല്ലെയാക്കിയെന്നും ഗവേഷകർ പറയുന്നുണ്ട്. നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോഗിക്കുന്നത്. അതിവേഗം വളരുന്ന മസ്തിഷ്ക അർബുദം, ചിലയിനം സ്കിൻ കാൻസറുകൾ, കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള വാക്സിനുകൾക്കായുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
കാൻസറിന് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. സ്വന്തമായി വികസിപ്പിച്ച കാൻസർ പ്രതിരോധ വാക്സിന്റെ വിതരണം അടുത്തകൊല്ലം ആദ്യം ആരംഭിക്കുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമായിരുന്നെന്ന് പറഞ്ഞ് നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.