Trending

ബാലുശ്ശേരിയിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ ലോറിയിടിച്ച് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

ബാലുശ്ശേരി: ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി കോളശ്ശേരി മീത്തൽ ബാലൻ്റെ മകൻ സജിൻലാൽ (30), തുരുത്തിയാട് സ്വദേശി കോളശ്ശേരി ബാലൻ്റെ മകൻ ബിജീഷ് (32) എന്നിവരാണ് മരിച്ചത്. അയൽവാസികളായ ഇരുവരും പെയിന്റിം​ഗ് തൊഴിലാളികളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ബൈക്ക് യാത്രികർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് നിൽക്കുന്നതും കാണാം. അതേ സമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയാണോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.

റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം തന്നെ യുവാക്കൾ മരിച്ചു. ബാലുശ്ശേരി ഭാഗത്ത് നിന്നും കോക്കല്ലൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.

Post a Comment

Previous Post Next Post