കോഴിക്കോട്: ഫറോക്ക് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി അസം സ്വദേശി പ്രസൻജിത്തിനെ (22) പിടികൂടി. പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഫറോക്ക് ചന്ത ജിഎം യുപി സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതി പിടിയിലായത്. പുലർച്ചെ 2.45 ഓടുകൂടിയാണ് പ്രസൻജിത്തിനെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി 7.30നായിരുന്നു പ്രസൻജിത്ത് കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനു പുറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 11.30 ഓടെ എആര്‍ ക്യാമ്പില്‍ നിന്നെത്തിയ കൂടുതല്‍ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമില്‍ നിന്ന് നാലുമാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായിട്ടാണ് പ്രസന്‍ജിത്ത് എത്തിയത്. അതുകൊണ്ടു തന്നെ പ്രദേശം പ്രതിക്ക് മുന്‍പരിചയമുണ്ടാകുമെന്ന ധാരണയും പോലീസിനുണ്ട്. സ്റ്റേഷനു പുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി. വിലങ്ങുള്ളതിനാല്‍ അധികം ദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.
പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായാണ് ഇയാൾ കഴിഞ്ഞ ദിവസം നാടുവിട്ടത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ കണ്ടെത്തിയ ഇരുവരെയും രാവിലെ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് പ്രസൻജിത്തിനെ വൈദ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ നിർത്തിയതായിരുന്നു. പോലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ ഓടിപ്പോയത്.