തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശ്ശന നടപടിക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങളിൽ ക്ലാസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശ്ശന നടപടിക്ക് ഉത്തരവിറക്കിയത്. ഇത്തരത്തിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ കണ്ടെത്തി കർശ്ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദ്ദേശം നൽകി. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നേരത്തെ നിരോധിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാർ, സർക്കാർ എയ്ഡഡ് സ്കൂൾ/കോളേജ് അധ്യാപകർ എന്നിവർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്നതും, അത്തരം സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതും, മേൽപ്പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ, ഗൈഡുകൾ പ്രസിദ്ധീകരിക്കുന്നതും അത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമായും, പരോക്ഷമായും കൂട്ടു നിൽക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിനും, ഡിജിഇ ഓഫീസിലും ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഉത്തരവ് അവഗണിച്ച് ക്ലാസുകൾ എടുക്കുന്ന അധ്യാപകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാത്ത നിയമനാധികാരി/അച്ചടക്കാധികാരികൾക്കെതിരെയും കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.