എറണാകുളം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകം. വിഷം നൽകിയത് ചേലോട് സ്വദേശി പെൺസുഹൃത്ത്. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതുകാരിയായ പെണ്‍സുഹൃത്തിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും യുവതി കുറ്റം സമ്മതിച്ചു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
ചേലാട്ടെ ഒരു കടയില്‍നിന്നാണ് കീടനാശിനി വാങ്ങിയത്. ഇതിന്റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 29ന് ആണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30ന് പുലര്‍ച്ചെ നാലരയോടെയാണ് തന്റെയുള്ളില്‍ വിഷം ചെന്നെന്ന കാര്യം അന്‍സില്‍ തിരിച്ചറിയുന്നതും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും. ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെണ്‍സുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് യുവാവ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. കീടനാശിനി പോലുള്ളതെന്തോ ആണ് അന്‍സിലിന്റെ ഉള്ളില്‍ ചെന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു.
അഞ്ഞൂറ് മില്ലിയോളം വിഷം ഉള്ളിൽ ചെന്നെന്നാണ് അൻസിൽ ആംബുലൻസിൽ വെച്ച് സഹോദരനോട് പറഞ്ഞത്. എന്നാൽ, എന്തിൽ കലർത്തിയാണ് വിഷം നൽകിയതെന്ന് അൻസിൽ പറഞ്ഞില്ലെന് ബന്ധു മുജീബ് പറഞ്ഞു. അന്‍സിലിന്റെ ഉമ്മയെ വിളിച്ച് മകനെ വിഷംകൊടുത്തു കൊല്ലുമെന്ന് യുവതി പറഞ്ഞെന്ന് മറ്റൊരു ബന്ധു പറഞ്ഞു. മകന്‍ വിഷം കഴിച്ച് കിടപ്പുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോളൂ എന്ന് അന്‍സിലിന്റെ ഉമ്മയെയും മകനെയും വിളിച്ച് യുവതി പറഞ്ഞു. യുവതിയും അന്‍സിലും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. മുന്‍പ് ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്, ബന്ധു കൂട്ടിച്ചേർത്തു.