Trending

കനത്ത മഴയില്‍ തോട്ടുമുക്കത്ത് വീട് തകര്‍ന്നു: എഴുപത്തിരണ്ടുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

മുക്കം: കനത്ത മഴയില്‍ തോട്ടുമുക്കത്ത് വീട് തകര്‍ന്നു. വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മ (72) യുടെ വീടാണ് ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നുവീണത്. അടുക്കളയില്‍ പാചകം പൂര്‍ത്തിയായ ശേഷം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വീടിന്‍റെ മുൻവശത്തെ വരാന്തയിൽ വന്നിരുന്നതായിരുന്നു മറിയാമ്മ. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തൊട്ടുപിന്നിൽ മേല്‍ക്കൂരയൊന്നാകെ പൊട്ടിവീഴുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ പുറത്തേക്ക് ഓടിയതിനാലാണ് മറിയാമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സമീപത്തെ വീട്ടില്‍ കല്ല്യാണം നടക്കുന്നതിനാല്‍ നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. എഴുപത്തിരണ്ടുകാരി തനിച്ചായിരുന്നു വീട്ടില്‍ താമസം. അവരെ പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 

Post a Comment

Previous Post Next Post