കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഒൻപത് പേരായി. പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയെ ചൊവ്വാഴ്ചയാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൈക്രോബയോളജി ലാബിൽ ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറു പേരും മലപ്പുറം, വയനാട് സ്വദേശികളായ മൂന്നു പേരുമാണ് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.