Trending

ലഹരി കൂടിപ്പോയി, മരിച്ചതോടെ എടുത്ത് ചതുപ്പിൽ താഴ്ത്തി'; യുവാവിനെ കാണാതായ കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ.


എലത്തൂർ: ആറു വർഷം മുമ്പ് എലത്തൂരിൽ യുവാവിനെ കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

2019 മാര്‍ച്ച് 24ന് ആണ് കേസിനാസ്പദമായ സംഭവം. എലത്തൂർ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിൽ (29) നെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് സരോവരത്തെ ചതുപ്പിലാണ് ഇവര്‍ വിജിലിന്റെ മൃതദേഹം താഴ്ത്തിയത്.

വിജിലിനെ കാണാതായി എന്ന് പറയപ്പെടുന്ന ദിവസം, കേസിലെ ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിജില്‍ ലഹരി ഉപയോഗത്തിനിടെ മരിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത്.

സരോവരത്തെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചത്. വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസ്സിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തിയെന്നാണ് യുവാക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Post a Comment

Previous Post Next Post