Trending

കണ്ണപുരം സ്‌ഫോടനം: പ്രതി അനൂപ് മാലിക് പിടിയിൽ; ഇയാൾ മുമ്പും സമാന കേസിൽ പ്രതി.

കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ പ്രതിയായ അനൂപ് മാലിക്ക് പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേശിയായ പ്രതിയെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്ക നിർമ്മാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലും പ്രതിയാണ് അനൂപ് മാലിക്ക്.

സ്ഫോടനത്തിൽ മരിച്ചയാൾ അനൂപ് മാലിക്കിന്‍റെ ഭാര്യാ സഹോദരനാണ്. നേരത്തെ ജിം പരിശീലകനായിരുന്ന അനൂപ് മാലിക്ക്, കുറച്ചുകാലമായി അനധികൃത പടക്ക നിര്‍മ്മാണത്തില്‍ ഏർപ്പെട്ടു വരികയായിരുന്നു. ഇതിനായി വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുക്കുന്നത് ഇയാളുടെ പതിവ് രീതിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് കീഴറയിലെ വീട് വാടകയ്ക്കെടുത്തത്. അനൂപ് മാലിക്കും മിക്ക ദിവസങ്ങളിലും ഈ വീട്ടില്‍ എത്തുമായിരുന്നു.

ശനിയാഴ്ച പുലര്‍ച്ച 1.50 ഓടെയായിരുന്നു സംഭവം. കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ റിട്ട.അധ്യാപകൻ ചാപ്പാടന്‍ ഗോവിന്ദന്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് വൻ സ്ഫോടനം നടന്നത്. സംഭവത്തിൽ ചാലാട് ടെമ്പിള്‍ റോഡിലെ ജന്നയിൽ കെ.എ മുഹമ്മദ് അഷം (42) ആണ് മരിച്ചത്. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് സൂചന. സ്‌ഫോടനത്തില്‍ യുവാവിൻ്റെ ശരീരം ചിന്നിച്ചിതറി.

മുഹമ്മദ് അഷത്തിന്റെ കാൽഭാഗം കട്ടിലിലും മറ്റു ശരീരഭാഗങ്ങള്‍ വീട്ടുപറമ്പിന്റെ പല ഭാഗത്തായും ചിതറിയ നിലയിലായിരുന്നു. വീടിന്റെ അവശിഷ്ടത്തില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി ഗുണ്ടുകള്‍ പൊട്ടിച്ചിതറിയ നിലയില്‍ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു.

പയ്യന്നൂരില്‍ സ്‌പെയര്‍പാര്‍ട്‌സ് ജീവനക്കാരാണെന്നു പറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകക്കെടുത്തതെന്ന് വീട്ടുടമ ഗോവിന്ദൻ പൊലീസിനോട് പറഞ്ഞു. സ്‌ഫോടനം നടന്ന വീട്ടില്‍ നിന്ന് വൻ സ്‌ഫോടക ശേഖരവും കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജിന്റെ നേതൃത്വത്തില്‍ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post