Trending

തുരങ്കപാത നിർമ്മാണോദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി കല്ലിടും.


കോഴിക്കോട്‌: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾക്ക്‌ ഇന്ന് തുടക്കമാകും. വൈകിട്ട്‌ 4ന്‌ ആനക്കാംപൊയിൽ സെന്റ്‌ മേരീസ്‌ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക്‌ കല്ലിടും. കിഫ്‌ബി, പൊതുമരാമത്ത്‌ വകുപ്പ്‌, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ എന്നിവ ത്രികക്ഷി കരാറിലൂടെയാണ്‌ തുരങ്കപാത നിർമ്മിക്കുക. 2134.5 കോടി രൂപ ചെലവിലാണ്‌ സംസ്ഥാന സർക്കാർ പാത യാഥാർത്ഥ്യമാക്കുന്നത്‌. നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത്‌ മാറും.

കോഴിക്കോട്‌, വയനാട്‌ ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുന്നത്‌. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്‌. രണ്ടു പാക്കേജുകളിലായി പാലവും അപ്രോച്ച്‌ റോഡും നാലുവരി തുരങ്കപാതയും നിർമ്മിക്കും. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സംവിധാനം, ശബ്ദ-വെളിച്ച സംവിധാനങ്ങൾ, നിരീക്ഷണ കാമറകൾ, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സ‍ൗകര്യങ്ങൾ തുരങ്കത്തിന്‌ അകത്തുണ്ടാകും.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും നിർമ്മാണം. ആറു മാസത്തിലൊരിക്കൽ വിദഗ്ധ സമിതി നിർമ്മാണം വിലയിരുത്തും. പാത യാഥാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന്‌ 22 കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട്ടിലെത്താം. മലയോര ഹൈവേയുമായും തുരങ്കപാതയിൽ നിന്നുള്ള റോഡിനെ ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ രണ്ടുവരി പാതയും തുടർന്ന്‌ നാലുവരി പാതയുമാണ്‌ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്‌. മലയോര മേഖലയുടെ സമഗ്ര വികസനത്തിന്‌ തുരങ്കപാത വഴിയൊരുക്കുമെന്ന്‌ ലിന്റോ ജോസഫ്‌ എംഎൽഎ പറഞ്ഞു.

ഇന്ന് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ഒ ആർ കേളു, എ.കെ ശശീന്ദ്രൻ, പ്രിയങ്ക ഗാന്ധി എം.പി, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ആയിരക്കണക്കിന്‌ ആളുകളും ചടങ്ങിനെത്തും.

Post a Comment

Previous Post Next Post