നടുവണ്ണൂർ: നടുവണ്ണൂരില്‍ സ്വകാര്യ ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകില്‍ താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരന് (57) ആണ് മരിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് നിർവ്വാഹകസമിതി അംഗം ഷൈജ നൊച്ചോട്ടിന്റെ ഭർത്താവാണ് മുരളീധരൻ. ഇന്നു പുലർച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ഇന്നലെ വൈകീട്ട് 3.30 ഓടെ തെരുവത്ത് കടവിലായിരുന്നു അപകടം. സ്‌കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന എസി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മൊടക്കല്ലൂർ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.