കൊച്ചി: പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനുമായ എംകെ സാനു (98) അന്തരിച്ചു. വൈകീട്ട് അഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റിയിരുന്നില്ല.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. 1997ൽ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള മാനസിക വൈകല്യമുള്ളവർക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ്. വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം.
1927 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955ലും 1956ലും ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983ൽ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011ൽ "ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ" ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായിരുന്നു.