കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വീടിനുള്ളിൽ സ്ഫോടനം. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലാണ്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നിട്ടുണ്ട്. റിട്ട. അധ്യാപകനായ ഗോവിന്ദൻ്റെ ഉടമസ്ഥതയിലുള്ള കീഴറയിലുള്ള വാടക വീടാണ് തകർന്നത്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 200 മീറ്റർ ദൂരത്തിലുള്ള വീടുകൾക്ക് വരെ കേടുപാടുകൾ ഉണ്ടെന്നാണ് വിവരം.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സ്ഫോടനം. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്നു. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. വീടിന്റെ പരിസരത്തുനിന്ന് ചില പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തിയിട്ടുണ്ട്. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തുണ്ട്.
വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നും സൂചനയുണ്ട്.