Trending

കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കണ്ണൂർ- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നൽ സമരം.

വടകര: തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ സമരം. വടകര താലൂക്കിലെ ഒട്ടുമിക്ക ബസുകളും രാവിലെയോടെ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. നിലവില്‍ കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്‌.

തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടര്‍ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 9 വകുപ്പുകള്‍ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, വളയം വാണിമേല്‍ സ്വദേശി സൂരജി (30) അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യ പ്രതികളായ സവാദ്, വിശ്വജിത്ത് എന്നിവരെ പിടികൂടാനായിട്ടില്ല. 

ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. നാദാപുരം തൂണേരി സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്റ് കണ്‍സഷന്‍ നല്‍കിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് രണ്ടു ദിവസമായി തലശ്ശേരി - തൊട്ടില്‍പ്പാലം റൂട്ടില്‍ ബസുകള്‍ അനശ്ചിതകാല പണിമുടക്കിലാണ്‌.

Post a Comment

Previous Post Next Post