പാലക്കാട്: പാലക്കാട് ആദിവാസി ഊരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ്റെയും സംഗീതയുടെയും പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതിനെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലുമാസം പ്രായമായ പെൺകുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.
പോഷകാഹാരക്കുറവുള്ള കുഞ്ഞായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് സഹായമായി പ്രതിമാസം നൽകുന്ന 2000 രൂപയോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. എന്നാൽ, ഗർഭിണിയായ വേളയിൽ കൊടുക്കേണ്ട കുത്തിവെപ്പുകൾ കൃത്യമായി കൊടുത്തിരുന്നുവെന്നും സംഗീതയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടി മുഖേന ഇവർക്കുള്ള പോഷകാഹാരം വിതരണം ചെയ്തിരുന്നതായും അവർ പറഞ്ഞു. രണ്ടു വർഷം മുമ്പ് ജനിച്ച ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാന രീതിയിലായിരുന്നു മരിച്ചത്.