ബംഗളൂരു: മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ സർക്കാർ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ജൂലൈ 14നാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡൻ്റ് സാഗർ പാട്ടീൽ, നാഗന ഗൗഡ പാട്ടീൽ, കൃഷ്ണ മദാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായികിനെ സ്ഥലം മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി സാഗർ പാട്ടീൽ കൃഷ്ണ മദാറിനെ ഗൂഢാലോചനയുടെ ഭാഗമാക്കി. ശേഷം മൂന്നു തരം വിഷം കലക്കിയ കുപ്പി കൃഷ്ണ മദാറിന് കൈമാറി. കൃഷ്ണ മദാർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു പായ്ക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും മദാർ തനിക്ക് നൽകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്‌കൂൾ അങ്കണത്തിൽ നിന്നും കണ്ടെത്തി.
മതമൗലികവാദവും വർഗീയ വിദ്വേഷവും എത്രത്തോളം മനുഷ്യനെ ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടിൽ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയർന്നു വന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
മതത്തിന്റെ പേരിൽ സമൂഹത്തിൽ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷൻ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആർ.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.