വടകര: വടകര ഇരിങ്ങലിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയിൽ നിന്നും വടകരക്ക് പോവുകയായിരുന്ന ‘ഹരേ റാം’ ബസിൽ കൊയിലാണ്ടിയിൽ നിന്നും വടകരക്ക് പോവുകയായിരുന്ന ‘ശ്രീരാം’ ബസാണ് ഇടിച്ചത്.
ഇന്നു രാവിലെ 9.30 ഓടെ ഇരിങ്ങൽ ടൗണിന് സമീപം വടകര ഭാഗത്തേക്കുള്ള സർവീസ് റോഡിലായിരുന്നു അപകടം. ഇരു ബസുകളും മത്സരയോട്ടത്തിലായിരുന്നു. ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഒരു സ്ത്രീ മുന്നിലെ ‘ഹരേ റാം’ ബസിന് കൈ കാണിച്ചതോടെ ബസ് നിര്‍ത്തി. ഇതിനിടെ ഈ ബസിനു പിറകിൽ അമിത വേഗതയിൽ വന്ന ‘ശ്രീരാം’ ബസ് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരിങ്ങൽ സ്വദേശി സുബൈദയെ വടകര ആശ ആശുപത്രിയിലും, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നന്ദകിഷോറിനെ ഉള്ള്യേരി എംഎംസി അശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ വടകര സഹകരണ ആശുപത്രിയിലും കൊയിലാണ്ടി ഗവ.ആശുപത്രിയിലുമായി ചികിത്സ തേടി.