ഓമശ്ശേരി: താമരശ്ശേരി-മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ കാർ സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിലിന് (26) ആണ് സാരമായി പരിക്കേറ്റത്. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ മറ്റൊരു ഇന്നോവ കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇന്ന് വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം.
ഓമശ്ശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നും നിയന്ത്രണംവിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. കാർ പിന്നീട് അതേ ദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരുക്കേറ്റ ഷിബിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സക്കായി കോഴിക്കോട് ഇക്റ ആശുപത്രിയിലേക്ക് മാറ്റി.