താമരശ്ശേരി: കോടഞ്ചേരിയിൽ യുവതിയുടെ മാല പൊട്ടിച്ച അടിവാരം സ്വദേശികളായ രണ്ടുപേർ പിടിയിൽ. കോടഞ്ചേരി വേഞ്ചേരിയിൽ വ്യാപരസ്ഥാപനം നടത്തുന്ന സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്. അടിവാരം പൊട്ടികൈ സ്വദേശി കുഴിയഞ്ചേരി വീട്ടിൽ ഫാസിൽ (29), മാല വില്പന നടത്താൻ സഹായിച്ച ഇയാളുടെ പിതൃ സഹോദരൻ കുഴിയഞ്ചേരി വീട്ടിൽ ജാസിർ (41) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കേസിൽ ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. ജൂലൈ 13ന് രാത്രി 9.30 ഓടെയാണ് കൈതപ്പൊയിൽ-കോടഞ്ചേരി റോഡിൽ വേഞ്ചേരിയിൽ കട നടത്തുന്ന സ്ത്രീയുടെ കഴുത്തിലണിഞ്ഞ 2 പവനോളം തൂക്കം വരുന്ന സ്വർണ്ണമാല സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഫാസിലും സുഹൃത്തും പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. മാല പൊട്ടിച്ച് ഓടിയ പ്രതിയുടെ പുറകെ യുവതിയും ഓടിയെങ്കിലും പ്രതി കടന്നു കളയുകയായിരുന്നു.
സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വന്ന ഫാസിൽ കടയുടെ സമീപം ഇറങ്ങി കടയിൽ മറ്റാരും ഇല്ലെന്നു മാനസ്സിലാക്കി. തുടർന്ന് മാല പൊട്ടിച്ച ശേഷം ഇരുവരും രണ്ടു ദിശയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പലപ്പോഴും രാത്രിയിൽ ഈ കടയിൽ സ്ത്രീ തനിച്ച് ഉണ്ടാകാറുണ്ടെന്നുള്ള കാര്യം മനസ്സിലാക്കിയ പ്രതികളായ ഫാസിലും സുഹൃത്തായ താമരശ്ശേരി കാരാടി സദേശിയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്.
പൊലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ജാസിർ ആണ് പ്രതികൾ പൊട്ടിച്ച മാല താമരശ്ശേരിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയത്. ഫാസിൽ ബംഗളൂരു ജ്യൂസ് കടയിൽ ജോലിക്കാരനും, പിടിയിലാവാനുള്ള താമരശ്ശേരി സ്വദേശി ഗൾഫിൽ നിന്നും ഒരു മാസം മുൻപ് ലീവിന് നാട്ടിൽ വന്നയാളുമാണ്. ഫാസിൽ മുൻപ് ബാലുശ്ശേരിയിൽ ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായി ജയിലിൽ കിടന്നതാണ്.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള താമരശ്ശേരി ഡിവൈഎസ്പി കെ.സുശീറിൻ്റെ കീഴിൽ പ്രത്യേക സംഘം രൂപികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ രാത്രിയോടെ പൊട്ടികൈ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജെഎഫ്സിഎം കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.