കണ്ണൂർ: കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. അടുത്തിലക്കാരന്‍ വീട്ടില്‍ ധനേഷിന്റെ ഭാര്യ ധനജ (30) യാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ പതിനൊന്നരയോടെ മക്കളുടെ കരച്ചിൽ കേട്ട് ഭർത്താവ് ധനേഷ് ഓടിയെത്തുകയായിരുന്നു. മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധ്യാൻ (5), ദേവിക (6) എന്നിവരാണ് മക്കൾ. ദേവികയുടെയും അമ്മയുടെയും നില മെച്ചപ്പെട്ടു. എന്നാൽ, ധ്യാൻ ഇപ്പോഴും അബോധാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലാണ്.
കുടുംബ വഴക്കിനെ തുടർന്നാണ് ഈ ആത്മഹത്യാശ്രമം എന്നാണ് വിവരം. ഭർതൃമാതാവുമായി യുവതിയ്ക്ക് നേരത്തെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ ധനജയും കുടുംബവും പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെയും വീട്ടിൽ തർക്കങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടിയത്. നാട്ടുകാരും പിന്നീട് അഗ്നിശമന രക്ഷാസേനയും ചേർന്നാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.