കോഴിക്കോട്: നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപ്പോയത്. മണിക്കൂറുകൾക്കകം തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് പിടികൂടി. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരന്‍ കണാരി വീട്ടില്‍ ഷംസുദ്ദീന്‍ (39), അരക്കിണര്‍ സ്വദേശി പുളിയഞ്ചേരി പറമ്പില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ചിന്താവളപ്പിലെ ലോഡ്ജ് മുറിയില്‍ നിന്നുമാണ് ഷാജിത്തിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. പ്രതികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് കൽസാഹ് എന്നിവരിൽ നിന്നും ഷാജിത്ത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് പുലർച്ചെ ഹോട്ടലിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയായിരുന്നു. തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും കസബ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊണ്ടോട്ടിയിൽ നിന്നും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതികളുടെ വാഹനത്തില്‍ നിന്നും മരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു.