കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ അടിയിൽ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു റീമയുടെ കുടുംബത്തിൻ്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച്ച അർധ രാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ മൂന്നു വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് കുട്ടിയെ ഷാൾ കൊണ്ട് ശരീരത്തോട് ചേര്‍ത്ത് കെട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവാണ് റീമ ചാടുന്നത് കണ്ടത്.