ബംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 14.69 കോടി രൂപ വിലവരുന്ന ഏഴു കിലോഗ്രാം കൊക്കെയ്നുമായി രണ്ടു യുവതികൾ പിടിയിൽ. സോപ്പ് പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്ന കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) തിങ്കളാഴ്ചയാണ് കോട്ടണ്‍പേട്ടിന് സമീപത്ത് നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പൂരില്‍ നിന്നുള്ള ലാല്‍ജാം ലുവായി, മിസോറാമില്‍ നിന്നുള്ള ലാല്‍താങ്ലിയാനി എന്നീ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. ഇവര്‍ അന്തർ സംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിക്കുകയും പിന്നാലെ കടത്തുകാരായ യുവതികളെ തിരിച്ചറിയുകയുമായിരുന്നു. 40 കോടി രൂപ വിലവരുന്ന നാലു കിലോഗ്രാമിൽ അധികം കൊക്കെയ്നുമായി ഒരു യാത്രക്കാരനെ ബെംഗളൂരു ഇൻ്റർനാഷണല്‍ എയർപോർട്ടില്‍ ഡി.ആർ.ഐ കഴിഞ്ഞ ദിവസം പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. യാത്രക്കാരൻ മാഗസിൻ കവറുകളില്‍ അതിവിദഗ്ദ്ധമായി കൊക്കെയ്ൻ ഒളിപ്പിപ്പിച്ച് കടത്തുകയായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.