പാലക്കാട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാല്പതുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിലാണ് യുവതിക്ക് രോഗബാധ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം രോഗിയുടെ കൂടെ വന്നവരടക്കം സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്.