കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച് മരിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരിക്കാണ് നിപ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28ന് മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടി ജൂലായ് ഒന്നിനാണ് മരിച്ചത്. വിശദമായ പരിശോധനയ്ക്കായി സാംപിള്‍ പുണെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറീന്‍റീനിലാണ്. കുട്ടിയുടെ ബന്ധുക്കളോടും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിക്കും കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയിരുന്നു. പുണെ വൈറോളജി ലാബിൽ നിന്നുളള പരിശോധഫലം വന്നാലേ സ്ഥിരീകരിക്കാനാവൂ. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. പരിശോധനഫലം പോസിറ്റീവായാൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.