പാലക്കാട്: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു. നാട്ടുക്കൽ സ്വദേശിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോഗം. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ 3 കിലോമീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് പ്രതിരോധ നപടികൾ ആരംഭിച്ചു. നൂറിലേറെപ്പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ്പ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിളുകൾ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 26 കമ്മിറ്റികള്‍ വീതം മൂന്നു ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കലക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളെയും വിട്ടുപോകാതെ കോണ്ടാക്ട് ട്രേസിങ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ്പ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.