കോഴിക്കോട്: കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി യുവതിയടക്കം 4 പേർ പൊലീസ് പിടിയിൽ. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളം വഴി എംഡിഎംഎ കടത്തിയത്. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന മൂന്നു പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 16ന് ആണ് സൂര്യ ഒമാനിലേക്ക് ജോലി അന്വേഷിച്ചു പോയത്. നേരത്തെ പരിചയമുള്ള ഒമാനിലെ കണ്ണൂര്‍ സ്വദേശി നൗഫലിൻ്റെ അടുത്ത് ജോലി അന്വേഷിച്ചു പോയ യുവതി നാലു ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു കാറിൽ 3 തിരൂരങ്ങാടി സ്വദേശികൾ എത്തിയിരുന്നു. യുവതിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റിയ ശേഷം അവരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാനായിരുന്നു ഇവർക്കുള്ള നിര്‍ദ്ദേശം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരുന്നു. ഇവരെത്തിയ കാറുകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടികൂടിയിരിക്കുന്നത്.