കുന്ദമംഗലം: വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.7 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി ആറങ്ങോട് സ്വദേശിയായ പടിപ്പുരക്കൽ വീട്ടിൽ ആദർശ് (24)നെ ആണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മടവൂർ മുക്കിൽ കഴിഞ്ഞ എട്ടു മാസത്തോളമായി കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പ്രതി നിരോധിത മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബെഡ് റൂമിൽ നിന്നും 8 സിപ് ലോക്ക് കവറുകളും, ചെറിയ ഒരു ഗ്ലാസ് ട്യൂബും, മറ്റൊരു സിപ് ലോക്ക് കവറിൽ നിന്ന് 1.7 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു. കുന്ദമംഗലം, മടവൂർ, നരിക്കുനി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് യുവാവ്. പെയ്ന്റെിംഗ് ജോലിയ്ക്ക് പോകുന്ന പ്രതി ഈ ജോലിയുടെ മറവിലും എംഡിഎംഎ വിൽപ്പന നടത്തിയിരുന്നു.
ബംഗളൂരുവിൽ നിന്നു നേരിട്ടും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും ലഹരി എത്തിച്ചു നൽകുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങിയാണ് പ്രതി വില്പന നടത്തുന്നത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് യുവാവിൻ്റെ രീതി. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്ഐ നിധിൻ, എസ് സിപിഒമാരായ വിപിൻ, വിജേഷ് പുല്ലാളൂർ, മുഹമ്മദ് ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.