തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റു. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിലിരുന്ന് ചുമതലകൾ നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഭക്ഷ്യവിഷബാധ എങ്ങനെയാണ് ഉണ്ടായതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.
കുടൽവീക്കവും നിർജ്ജലീകരണവും കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച്, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിൽ വിശ്രമിക്കുകയും അവിടെ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിച്ച 75 കാരനായ നെതന്യാഹുവിന് മൂത്രാശയ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് 2024 ഡിസംബറിൽ പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.