കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ അധികൃതർ കർശ്ശനമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ബസ് ഡ്രൈവറായ പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കാനും ഉത്തരവിട്ടു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിൻ്റെ തലയിൽ അതേ ബസിൻ്റെ ടയർ കയറുകയായിരുന്നു. മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിൻ്റെ മകൻ അബ്‌ദുൾ ജവാദ് (19) ആണ് മരിച്ചത്.