തിരൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി 8.30 ഓടെയായിരുന്നു അപകടം. പുറമണ്ണൂർ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. ബൾക്കീസിന്റെ മടിയിലായിരുന്നു ഫൈസ. കുഴിയിൽ വീണ് ഓട്ടോറിക്ഷ പൊങ്ങി യതോടെ ഫൈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഫാസിൽ, അൻസിൽ.