Trending

മലേഗാവ് സ്‌ഫോടനക്കേസ്; പ്രജ്ഞാസിങ് ഠാക്കൂർ അടക്കം ഏഴു പ്രതികളെയും വെറുതേവിട്ടു.


മുംബൈ: ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ഏഴു പ്രതികളെയും കോടതി വെറുതെവിട്ടു. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്.കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയത്.

ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എ.കെ ലഹോട്ടി പ്രതികളെ വെറുതെ വിട്ടത്. ഭീകരതയ്ക്ക് മതമില്ലെന്നും ഒരുമതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ചില ധാരണകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാനാകില്ല. ശക്തമായ തെളിവുകള്‍ വേണമെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി വിധി പറഞ്ഞത്. കേസിൻ്റെ വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40-ഓളം സാക്ഷികൾ കൂറുമാറിയിരുന്നു.

2008 സെപ്റ്റംബര്‍ 29ന് ആയിരുന്നു മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്ത് സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി 6 പേരാണ് കൊല്ലപ്പെട്ടത്. 100 പേര്‍ക്ക് പരിക്കേറ്റു. മലേഗാവ് സ്ഫോടനം പിന്നീട് വലിയ രാഷ്ട്രീയ വിഷയമായും മാറി. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എടിഎസ് സംഘമാണ് മലേഗാവ് സ്ഫോടനക്കേസില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നത്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളാണ് മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരേ യുഎപിഎ, മക്കോക വകുപ്പുകളും ചുമത്തിയിരുന്നു.

Post a Comment

Previous Post Next Post