Trending

സൗദിയിലേക്ക് കൊണ്ടുപോകാന്‍ അയല്‍ക്കാരൻ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎയും ഹാഷിഷും; 3 പേർ പിടിയിൽ.


കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽക്കാരൻ ഏൽപ്പിച്ച അച്ചാർ കുപ്പിക്കുള്ളിൽ ലഹരിമരുന്ന്. ചക്കരക്കൽ കണയന്നൂരിലാണ് സംഭവം. പ്രവാസിയായ മിഥിലാജിന്റെ അയൽവീട്ടുകാരനായ ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മൂന്നുപേരെ ചക്കരക്കൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

നാളെയാണ് മിഥിലാജ് സൗദി അറേബ്യയിലേക്ക് പോകുന്നത്. പാക്കിംഗ് നടക്കുന്നതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചു. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിക്ക് സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിൽ ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ഉടൻതന്നെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത് 2.6 ഗ്രാം എംഡിഎംഎയാണെന്ന് കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. തുടർന്ന് ചക്കരക്കൽ സ്വദേശികളായ കെപി അർഷാദ് (31), കെകെ ശ്രീലാൽ (24), പി ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post