Trending

താമരശ്ശേരി ചുരത്തിൽ ലഹരി കടത്തുന്നതിനിടെ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ.


അടിവാരം: താമരശ്ശേരി ചുരത്തിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്.

ചുരത്തിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് താൻ വന്ന കാറിൽ ഇറങ്ങി കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് എംഡിഎംഎ കണ്ടെടുത്തു.

ഇതോടെ യുവാവിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്ന് രാവിലെ തെരച്ചിൽ നടക്കുന്നതനിടെയാണ് നാട്ടുകാർ ഷഫീക്കിനെ അവശനിലയിൽ കണ്ടെത്തിയത്.

മയക്കുമരുന്നുമായി പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവാവ് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ ബന്ധുവിൻ്റെ കാറിലാണ് ഷഫീക്ക് മയക്കുമരുന്ന് കടത്തിയത്. കാറിൽ രഹസ്യ അറകളുണ്ടാക്കി മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വാഹനം വെട്ടിപ്പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

Post a Comment

Previous Post Next Post