Trending

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി.


കോഴിക്കോട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഭിന്നശേഷിക്കാരിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിക്കാനിടയായ സംഭവത്തിൽ വലിയ അനാസ്ഥയുണ്ടായതായി പരാതി. കൊട്ടപ്പുറം പാണ്ടിയാട്ടുപുറം മക്കക്കാട് സുരേഷ്, നിഷാല ദമ്പതികളുടെ മകൾ ഭിന്നശേഷിക്കാരിയായ ആശ്വതിയാണ് (16) ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ബുധനാഴ്ച രാത്രി മരിച്ചത്.

പനി ബാധിച്ച കുട്ടിയെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. അവിടെനിന്നും ഡോക്ടർ റഫർ ചെയ്തതനുസരിച്ച് പതിമൂന്നാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച കുട്ടിയെ പതിനാലാം തീയതി രാവിലെ വരെ കാഷ്വാലിറ്റിയിൽ നിറുത്തിയ ശേഷം പിന്നീട് വാർഡിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഓക്സിജൻ്റെ അളവ് കുറഞ്ഞ കുട്ടി ഗുരുതരാവസ്ഥയിലേക്ക് മാറിയപ്പോഴും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും കാഷ്വാലിറ്റിയിൽ വെന്റിലേറ്റർ ബെഡ് ഒഴിവില്ലാത്തതിനാൽ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതായും കുട്ടിയുടെ മാതാവ് ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകിയ പരാതിയിൽ പറയുന്നു. 

തുടർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിർദ്ധന കുടുംബാംഗമായ രക്ഷിതാക്കൾക്ക് ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്നും പരിഹാരമുണ്ടാക്കണമെന്നും അഭ്യർത്ഥിച്ച് പതിനഞ്ചാം തീയതി ഇവർ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം രക്ഷിതാക്കൾ അന്വേഷിച്ചപ്പോൾ മെഡിക്കൽ കോളേജിൽ മൂന്ന് വെന്റിലേറ്റർ ബെഡ് ഉണ്ടായിരുന്നെന്ന് അറിയാൻ കഴിഞ്ഞതായും മന്ത്രിക്ക് നൽകിയ കത്തിൽ സൂചിപ്പിക്കുന്നു. സഹോദരങ്ങൾ: അശ്വനി, ആതിഷ്.

Post a Comment

Previous Post Next Post