കോഴിക്കോട്: പെരുമണ്ണയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിൽ. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (30) എന്ന ആളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ടെറസിലാണ് യുവാവ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്.
ഏകദേശം 240 സെന്റിമീറ്റർ പൊക്കമുള്ള, പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ടെറസില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് വീട്ടില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു.
പോലീസ് പരിശോധന നടത്തുന്നതിനിടെ വീട്ടില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഫീഖിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. എൻഡിപിഎസ് നിയമപ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.