Trending

ബാലുശ്ശേരി മിനി സിവിൽസ്റ്റേഷൻ നിർമ്മാണ പ്രവൃത്തി മന്ദഗതിയിൽ.


ബാലുശ്ശേരി: ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിർമ്മാണ പ്രവൃത്തി ആരംഭിച്ച് പത്തു മാസം പിന്നിട്ടിട്ടും അടിത്തറ നിർമ്മാണം പോലും പൂർത്തിയായിട്ടില്ല. കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയോരത്ത് പറമ്പിൻ മുകളിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇതിനായി 72 സെന്റ് സ്ഥലമാണ് ഏറ്റെടുത്തിരുന്നത്. മിനി സിവിൽ സ്റ്റേഷന്റെ കെട്ടിടനിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 2021 സെപ്റ്റംബറിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചത്. സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തി നീളുകയായിരുന്നു.

ആദ്യം കരാറെടുത്ത കമ്പനി കൃത്യമായി കാര്യങ്ങൾ നീക്കാതിരുന്നതിനാൽ പ്രസ്തുത കമ്പനിയെ ഒഴിവാക്കി റീടെൻഡർ ചെയ്യുകയായിരുന്നു. ഇത് കാലതാമസത്തിന് കാരണമായി. കെട്ടിടനിർമ്മാണ രൂപരേഖയിൽ മാറ്റം വരുത്തിയാണ് വീണ്ടും നിർമ്മാണം തുടങ്ങിയത്. മിനി സിവിൽ സ്റ്റേഷന് വേണ്ടി 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആറുനില കെട്ടിടം നിർമ്മിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തെ ഒരു കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തത്.

2026 നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമാകുന്നതിനു മുൻപ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും നിർമ്മാണ പ്രവൃത്തി ഇഴയുകയാണ്. പത്തോളം സർക്കാർ സ്ഥാപനങ്ങൾ ബാലുശ്ശേരി ടൗണിലെ വാടക കെട്ടിടങ്ങളിലാണ് ഇന്ന് പ്രവർത്തിക്കുന്നത് സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായാൽ ഈ സ്ഥാപനങ്ങളെ അവിടേക്ക് മാറ്റാൻ കഴിയും. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ കാലത്തുതന്നെ മിനി സിവിൽ സ്റ്റേഷനായുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പല സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തികൾ മുടങ്ങുകയാണുണ്ടായത്.

Post a Comment

Previous Post Next Post