അടിവാരം: താമരശ്ശേരി ചുരത്തിൽ നിന്നും യുവാവ് കൊക്കയിലേക്ക് ചാടി. ലക്കിടി ഗേറ്റിന് സമീപം വൈത്തിരി പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് കൊക്കയിലേക്ക് ചാടിയത്. കാറിലെത്തിയ യുവാവ് ലക്കിടി ഗേറ്റിനും വ്യൂ പോയന്റിനും ഇടയിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് ചാടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന. വെള്ള ഷര്‍ട്ടും പാൻ്റ്സും ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫയർഫോഴ്‌സും പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് യുവാവിനായി തിരച്ചിൽ തുടരുന്നു.
നേരത്തെ 90 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഗോവിന്ദചാമി ജയില്‍ ചാടിയതിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ഷഫീഖ് പൊലീസിന് മുമ്പിൽ അകപ്പെട്ടത്. പിന്നീടാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.