പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ പേരാമ്പ്രയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തിൽ ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരനു പരിക്ക്. കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയന് (62) ആണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റീൽ ഇന്ത്യക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിയോടുകൂടിയാണ് അപകടം.
പേരാമ്പ്രയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൈക്കും മുഖത്തും പരിക്കേറ്റ വിജയനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും പരിസരവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.