കോഴിക്കോട്: ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് അക്രമം നടന്നത്.
ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് യാത്രക്കാരിൽ ഒരാള്‍ സഹയാത്രികനു നേരെ കത്തി വീശിയത്. അക്രമിയും പരിക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. രണ്ടുപേരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്നതിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
രണ്ടുപേര്‍ക്ക് പരിക്കേറ്റതോടെ മറ്റു യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പിന്നാലെ ആര്‍പിഎഫ് എത്തി അക്രമിയേയും ഒപ്പമുണ്ടായിരുന്ന ആളേയും കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും അറസ്റ്റു ചെയ്ത് ആര്‍പിഎഫ് തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.