ബാലുശ്ശേരി: കേരളമാകമാനം തട്ടിപ്പിനിരയാക്കപ്പെട്ട 'പാതിവില'തട്ടിപ്പിൽ സമഗ്ര ബാലുശ്ശേരി എന്ന സംഘടന വഴി പണം നഷ്ടപ്പെട്ട വനിതകൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ബാലുശ്ശേരി വട്ടോളി ബസാറിലുള്ള ഒതയോത്ത് ബിൽഡിംഗിൽ വെച്ച് ഇന്നലെയായിരുന്നു ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു പരാതിക്കാരിൽ നിന്നും തെളിവെടുത്തത്.
40-ൽ അധികം വനിതകളാണ് സ്കൂട്ടർ പാതിവില തട്ടിപ്പിൽ ‘സമഗ്ര ബാലുശ്ശേരി’ വഴി വഞ്ചിക്കപ്പെട്ടത്. ഇതേ പദ്ധതികളുടെ മറവിൽ ജൈവ കർഷക കമ്പനിയുടെ ഷെയർ വിഹിതം എന്ന നിലയ്ക്കും രേഖകൾ ഇല്ലാതെ പണം വാങ്ങിയതിന്റെ പേരിൽ സമഗ്രയുടെ ഡയറക്ടർ സുനിൽകുമാർ ഉണ്ണികുളത്തിന് എതിരെ പരാതിയുണ്ടായിരുന്നു. പിന്നീട് ഓഹരിയുടമകൾ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയും പോലീസ് ഇടപെട്ട് പണം തിരിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയും ചെയ്തു.
പാതിവില തട്ടിപ്പിലെ മുഖ്യ ആസൂത്രകരായ അനന്ദു കൃഷ്ണൻ, ആനന്ദകുമാർ എന്നിവർ മുഖേന വലിയൊരു കമ്മീഷൻ തുക മുൻകാലങ്ങളിൽ ഇത്തരം പദ്ധതികൾ നടത്തിയതിന്റെ പേരിൽ ‘സമഗ്ര’യ്ക്ക് ലഭിച്ചതിനാൽ ആ പണമിടപാടുകൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അത് കണ്ടുകെട്ടി താല്ക്കാലിക ആശ്വാസം എന്ന നിലയ്ക്കെങ്കിലും വഞ്ചിതരായ വനിതകൾക്ക് തിരിച്ചു കൊടുക്കണമെന്നും തട്ടിപ്പിന് ഇരയായവരുടെ കൂട്ടായ്മയായ ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.