Trending

ശക്തമായ മഴ; ചുരം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.


കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. മേഖലയിൽ പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുള്ളതിനാൽ വിലങ്ങാട് പ്രദേശത്ത് പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ വില്ലേജ്, ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴ കാരണം ദേശീയ പാത 766 ഈങ്ങാപ്പുഴയിൽ റോഡിലേക്ക് വെള്ളം കയറി. സ്ഥലത്ത് പോലീസെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കാവിലും പാറയിൽ മൂന്നു വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post