Trending

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി പത്മരാജൻ അന്തരിച്ചു.


കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന സി.വി പത്മരാജൻ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കെ. കരുണാകരൻ, എ.കെ. ആന്‍റണി മന്ത്രിസഭകളിലായി ധനകാര്യം, വൈദ്യുതി, ഫിഷറീസ്, ദേവസ്വം, സാമൂഹിക വികസനം, കയര്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ വാഹനാപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും പത്മരാജൻ വഹിച്ചിരുന്നു.

1982-83, 1991-95 വർഷങ്ങളിൽ കരുണാകരൻ മന്ത്രിസഭയിലും, 1995-96ലെ ആൻറണി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചു. 1983ൽ മന്ത്രിസ്ഥാനം രാജിവെച്ച് നാലു വർഷം കെ.പി.സി.സി അധ്യക്ഷനായി പ്രവർത്തിച്ചു. ഈ സമയത്താണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാന മന്ദിരമായ ഇന്ദിരാഭവൻ നിർമ്മിച്ചത്. കൊല്ലം ഡിസിസി അധ്യക്ഷനായും ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

1931 ജൂലൈ 22ന് കൊല്ലം ജില്ലയിലെ പരവൂരില്‍ കെ. വേലു വൈദ്യന്‍റെയും തങ്കമ്മയുടെയും മകനായാണ് സി.വി പത്മരാജന്‍റെ ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാർത്ഥി കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

Post a Comment

Previous Post Next Post