കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി വീണു. അപകടത്തിൽ സ്കൂൾ ബസും സ്കൂട്ടറും തകർന്നു. ആളപായമില്ല. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് വളപ്പിലുള്ള കൂറ്റൻ തേക്ക് മരമാണ് കടപുഴകി വീണത്.
ഈ മരത്തിനും കോളേജിനും തൊട്ടടുത്ത് ഒരു പെട്ടിക്കട പ്രവർത്തിച്ചിരുന്നു. എന്നാൽ കടയ്ക്ക് യാതൊരു പോറലു മേൽപ്പിക്കാതെയാണ് മരം വീണത്. മരം വീഴുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരം വീണ് തകർന്ന സ്കൂട്ടർ കടയുടമയുടേതാണ്.
സ്കൂട്ടറും സ്കൂൾ ബസും കടയോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു. കോഴിക്കോട് പാവങ്ങാടുള്ള എംഇഎസ് സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. കുട്ടികളെ കൊണ്ട് ഇറക്കിയ ശേഷം റോഡരികിൽ നിർത്തിയിട്ടതായിരുന്നു. അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.