Trending

നരിക്കുനി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ദുരിതത്തിലായി യാത്രക്കാർ.

നരിക്കുനി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നരിക്കുനി ടൗണിൽ ഗതാഗതക്കുരുക്ക് തീരാ ദുരിതമാകുന്നു. അൽപം തിരക്കേറിയാൽ നരിക്കുനി അങ്ങാടിയിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. നരിക്കുനി അങ്ങാടിയോട് ചേർന്നുള്ള ജംഗ്ഷനുകളിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് സമീപ റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് സൃഷ്ടിക്കുന്നത്.

നന്മണ്ട-പടനിലം പാതയിലേക്ക് കുമാരസ്വാമി, പൂനൂർ, കൊടുവള്ളി റോഡുകൾ ചേരുന്ന ജംഗ്ഷനുകളാണ് പ്രധാനമായും ഗതാഗതക്കുരുക്ക് തീർക്കുന്നത്. ഇതിൽ നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചേരുന്ന പൂനൂർ റോഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ല. ഇതുമൂലം മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റോഡിലും ബസ് സ്റ്റാൻഡിന് മുന്നിലുമെല്ലാം തിരക്കേറിയ സമയത്ത് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.

രാവിലെയും വൈകീട്ടുമാണ് ഏറെ ദുരിതം. ഈ ഭാഗത്തെ റോഡിന്റെ വീതിക്കുറവ് വാഹനക്കുരുക്ക് കൂടുതലാക്കുന്നു. നിലവിലെ റോഡ് വികസിപ്പിക്കുക എന്നത് അപ്രായോഗികമാണെന്നു കണ്ട് 2001ൽ നരിക്കുനി ബൈപാസിനായി നടപടികൾ ആരംഭിച്ചിരുന്നു. നിലവിൽ എം.കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബൈപാസിന്റെ ഒന്നാംഘട്ടം എന്ന നിലക്ക് 35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പിൽ 2022 നൽകിയിട്ടുണ്ട്. പ്രസ്തുത പ്രൊപ്പോസൽ ധനകാര്യ വകുപ്പിന്റെ അന്തിമ അനുമതിക്കായി അയച്ചതായാണ് അധികൃതർ നൽകുന്ന വിവരം.

സ്റ്റാൻഡിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ബസുകളും തിരക്കിൽപെടുന്നുണ്ട്. മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ ഈ ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്. പൂനൂർ റോഡ് ജങ്ഷനിലേക്ക് കുമാരസ്വാമി റോഡിൽനിന്ന് എത്തിച്ചേരുന്നതിനായി റോഡുണ്ട്. എന്നാൽ, ഇതുവഴി ചെറിയ വാഹനങ്ങൾക്കു മാത്രം സർവിസ് നടത്താനുള്ള വീതിയേ ഉള്ളൂ. കൂടാതെ കുമാരസ്വാമി, പടനിലം റോഡ് ജങ്ഷനുകളിലെ റോഡ് തകർച്ചയും പ്രയാസം തീർക്കുന്നുണ്ട്.

Post a Comment

Previous Post Next Post