തിരുവമ്പാടി: കക്കാടംപൊയിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി മച്ചുകുഴിയിൽ ജോർജ് എം തോമസ് ആണ് മരിച്ചത്. റിസോർട്ട് മുറിയിൽ മരിച്ചു കിടയ്ക്കുന്ന നിലയിൽ സഹ ജീവനക്കാരാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹൃദ്രോഗമാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 16ാം തിയതിയാണ് ജോർജ് എം തോമസ് കക്കാടംപൊയിലിലെ റിസോർട്ടിൽ മാനേജറായി ജോലിക്കെത്തിയത്. രാവിലെ മുറിയിൽ നിന്നും പുറത്തേയ്ക്ക് വരാത്തതിനെ തുടർന്ന് മറ്റു ജീവനക്കാർ വന്ന് നോക്കിയപ്പോഴാണ് ജോർജിനെ കട്ടിലിന് സമീപം തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.