Trending

നാലുവയസ്സുകാരൻ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഷിങ് മെഷീനിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന.


കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് കളിക്കുന്നതിനിടയിൽ വാഷിങ് മെഷീനിനകത്ത് കുടുങ്ങി പോയത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങിയെന്ന വിവരം അറിഞ്ഞപ്പോൾ കുഞ്ഞിന്റെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് ആദ്യം കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വാഷിങ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഭയന്നുപോയ കുഞ്ഞിനെ അഗ്നിരക്ഷാ സേനാംഗങ്ങൾ പരിക്കുകളില്ലാതെ പുറത്തെത്തിച്ചത്. വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഭാഗം മെഷീനിൽ നിന്ന് വേർപ്പെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രാത്രി 9.30ന് തുടങ്ങിയ രക്ഷാദൗത്യം മണിക്കൂറുകൾക്ക് ശേഷമാണ് പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post