ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമൻ (64) ആണ് മരിച്ചത്. പെരുവന്താനം പഞ്ചായത്തിൽ മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുകയാണ് പുരുഷോത്തമൻ.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. തോട്ടത്തില്‍ ടാപ്പിംഗിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാടിറങ്ങിയ കാട്ടാനക്കൂട്ടം ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. മകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുരുഷോത്തമന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.