Trending

കടലിൽ കാണാതായ കാപ്പാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കാപ്പാട്: കടലിൽ കാണാതായ കാപ്പാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാപ്പാട് കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാറാട് ബീച്ചിൽ നിന്ന് 11നോട്ടിക്കൽ മൈൽസ് അകലെ നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലിസെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർന്ന് കരക്കെത്തിച്ച മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിയുകയുമായിരുന്നു.

ജൂലൈ 24 മുതലാണ് ജാസിറിനെ കാണാതായത്. കാട്ടിലപ്പീടിക അമ്പലപ്പള്ളി ഹാർഡ് വെയർഷോപ്പിലെ ജീവനക്കാരനായിരുന്നു ജാസിർ. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയ ജാസിർ കടയിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിർ ഉപയോഗിച്ചിരുന്ന ബൈക്കും താക്കോലും ഹെൽമറ്റും കണ്ടെത്തിയിരുന്നു. കാണാതാകുമ്പോൾ നീല ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.

കടലിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് അന്നുതന്നെ കാപ്പാട് മുതൽ ബേപ്പൂർവരെയുള്ള ഭാഗത്ത് ബോട്ടുകൾ ഉപയോഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നിതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ്: അഹമ്മദ് കോയ. മാതാവ്: സൗജത്ത്

Post a Comment

Previous Post Next Post