കാക്കൂർ: സുന്നത്ത് കർമ്മം ചെയ്യുന്നതിനായി ക്ലിനിക്കിൽ അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്ക്കൂളിനു സമീപം പൂവനത്ത് ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇത്തിയാസിൻ്റെയും ഏകമകൻ എമിൽ ആദം ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സുന്നത്ത് കർമ്മം ചെയ്യാനായി കുടുംബം കുഞ്ഞിനെ കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിൽ എത്തിച്ചത്. സുന്നത്ത് ചെയ്യുന്നതിന് മുൻപ് ഇവിടെ നിന്നും കുഞ്ഞിന് അനസ്തേഷ്യ നൽകിയിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയതോടെ കുഞ്ഞിന് ശ്വാസതടസമുണ്ടായി. തുടര്‍ന്ന് ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബത്തിൻ്റെ പരാതിയിൽ കാക്കൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.